കെഡിഇ 4.1 പുറത്തിറങ്ങി… മലയാളത്തിനു് പൂര്‍ണ്ണ പിന്തുണയോടെ

Wednesday, July 30th, 2008

10 ദിനരാത്രങ്ങള്‍, 18000-ത്തില്‍ പരം വാക്കുകള്‍, മുപ്പതില്‍ പരം വ്യക്തികള്‍ (സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്നുള്ളവര്‍, ലോകത്തിന്റെ പലഭാഗങ്ങളില്‍ ജോലി നോക്കുന്നവര്‍, വിദ്ധ്യാര്‍ത്ഥികള്‍ മുതല്‍ കര്‍ഷകന്‍ വരെ). സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മയുടെ മറ്റൊരു സുപ്രധാന നേട്ടം ആയി ഈ വിജയം.

സ്വതന്ത്ര പണിയിടമായ കെഡിഇ 4.1 ല്‍ മലയാളം എത്തിക്കാനുള്ള പരിശ്രമം ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു. അതുകൊണ്ടു് തന്നെ ആ വിജയം വിലമതിക്കാനാവത്തതും. കെഡിഇ ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ലോകഭാഷകളില്‍ ഒന്നാണിപ്പോള്‍ മലയാളം. കുറെ നാളുകളായി എസ് എം സി മെയിലിങ്ങ് ലിസ്റ്റും ഐആര്‍സി ചാനലും സജീവമായിരുന്നു. തര്‍ജ്ജമയും തര്‍ജ്ജമ തീര്‍ന്ന ഫയലുകളുടെ പരിശോധനയും പൊടിപൊടിക്കുകയായിരുന്നു. കൂട്ടിനു് രാജീവ് തയ്യാറാക്കിയ മണ്ടൂസ് എന്ന ഐആര്‍സി ബോട്ടും. പഴയതര്‍ജ്ജമകള്‍ ഓര്‍ത്തുവെച്ചു് ആവശ്യക്കാരെ സഹായിക്കുന്ന മണ്ടൂസ് ആണു് കാര്യങ്ങള്‍ ഒന്നുകൂടെ ഉഷാറാക്കിയതു്.

10 ദിവസം കൊണ്ടു് kdeessentials എന്ന പാക്കേജ് 100 ശതമാനം തികച്ചാണു് മലയാളം ഔദ്യോഗിക ലിസ്റ്റില്‍ സ്ഥാനം നേടിയതു്. ഈസുപ്രധാന നേട്ടം കൈവരിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും ആശംസകള്‍. ആഷിക് സലാഹുദ്ദീന്‍ തയ്യാറാക്കിയ കെഡിഇ 4.1 ന്റെ മലയാളത്തിലുള്ള പ്രസാധകക്കുറിപ്പു് ഇവിടെ
http://www.kde.org/announcements/4.1/index-ml.php